This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്

വൈദ്യുതി ഉത്പാദനത്തിനും വിതരണത്തിനുമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം. 1947 വരെ ഇന്ത്യയില്‍ വൈദ്യുതിയുടെ ഉത്പാദനവും വിതരണവും നടത്തിയിരുന്നത് ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്റ്റ് 1940-ലെ വ്യവസ്ഥകള്‍ക്കനുസൃതമായിട്ടായിരുന്നു. 1948-ല്‍ ഇലക്ട്രിസിറ്റി (സപ്ലൈ) ആക്റ്റ് പാസായതോടെ വൈദ്യുതിയുടെ ഉത്പാദനം, വിതരണം എന്നീ രംഗങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടായി. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ രൂപവത്കരിച്ചതും അഞ്ച് പ്രാദേശിക ബോര്‍ഡുകള്‍ നിലവില്‍വന്നതും ഈ ആക്റ്റിലെ വ്യവസ്ഥകള്‍ പ്രകാരമായിരുന്നു. 1957 മാ. 30 വരെ വിദ്യുച്ഛക്തി വകുപ്പില്‍ നിക്ഷിപ്തമായിരുന്ന കേരളത്തിലെ വൈദ്യുതി ഉത്പാദനവും വിതരണവും 1957 മാ. 31-ന് തിരുവനന്തപുരം ആസ്ഥാനമായി കെ.എസ്.ഇ.ബി. നിലവില്‍ വന്നതോടെ ബോര്‍ഡിന്റെ കീഴിലായി. ചെയര്‍മാന്‍, ഡയറക്ടര്‍ (ഫൈനാന്‍സ്), ഡയറക്ടര്‍ (ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് ജനറേഷന്‍ ഇലക്ട്രിക്കല്‍), ഡയറക്ടര്‍ (ജനറേഷന്‍-സിവില്‍), ഡയറക്ടര്‍ (ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേറ്റര്‍), ഊര്‍ജവകുപ്പ് സെക്രട്ടറി, സര്‍ക്കാര്‍ നിയമിക്കുന്ന ഒരു ഔദ്യോഗിക അംഗം എന്നിവരടങ്ങിയ ഏഴംഗ ബോര്‍ഡ് മാനേജ്മെന്റാണ് കെ.എസ്.ഇ.ബി.യുടെ പരമാധികാര ഭരണസമിതി. പി.കെ. ശ്രീധരന്‍നായരായിരുന്നു കെ.എസ്.ഇ.ബി.യുടെ പ്രഥമ ചെയര്‍മാന്‍.

ഇടമലയാര്‍ ഡാം

കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും പരിമിതമായ നിരക്കില്‍ വൈദ്യുതി നല്‍കുകയാണ് കെ.എസ്.ഇ.ബി.യുടെ സ്ഥാപിത ലക്ഷ്യം. 1958-ല്‍ 109.5 മെഗാവാട്ട് മാത്രമായിരുന്ന കെ.എസ്.ഇ.ബി.യുടെ ഉത്പാദനശേഷി 2012-ല്‍ 2,445 മെഗാവാട്ടായി ഉയര്‍ന്നിട്ടുണ്ട്. 1958-ല്‍ 99,977 ഗാര്‍ഹിക ഉപഭോക്താക്കളും 932 വാണിജ്യ ഉപഭോക്താക്കളും 3,502 വ്യാവസായിക സംരംഭകരും 1,176 കാര്‍ഷിക സംരംഭകരുമടക്കം മൊത്തം 1,06,154 ഉപഭോക്താക്കളായിരുന്നത് നിലവില്‍ (2012) 108 ലക്ഷത്തിലേറെയായി ഉയര്‍ന്നിട്ടുണ്ട്.

1940 മാ. 19-ന് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി കമ്മിഷന്‍ ചെയ്യുന്നതോടെയാണ് കേരളത്തില്‍ ജലവൈദ്യുതോത്പാദനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1961 ജനു. 27-ന് നേരിയമംഗലം പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു. ചെങ്കുളം, പന്നിയാര്‍ പവര്‍ ഹൗസുകളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളവും മുതിരപ്പുഴയിലെ വെള്ളവും ഉപയോഗിച്ചാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. മുതിരപ്പുഴയുടെ പോഷകനദിയായ പന്നിയാറിലുള്ള പന്നിയാര്‍ പദ്ധതി 1963 ഡി. 29-ന് പ്രവര്‍ത്തനം തുടങ്ങി. പമ്പാ നദീതടത്തിലെ ജലവൈദ്യുതപദ്ധതിയാണ് ശബരിഗിരി. പദ്ധതിയുടെ ഭാഗമായി പമ്പയിലും കക്കി നദിയിലും ഓരോ ജലസംഭരണികള്‍ നിര്‍മിച്ചിട്ടുണ്ട്. 1966 ഏ. 18-ന് ഇവിടെ ഉത്പാദനം ആരംഭിച്ചു. 1966 മേയ് 9-ന് ഷോളയാര്‍ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇടുക്കിയിലേത്. 1976 ഫെ. 12-ന് ഇവിടെനിന്നുള്ള വൈദ്യുതി ഉത്പാദനം ആരംഭിച്ചു. ഇടുക്കി പദ്ധതിയുടെ ഭാഗമായി ചെറുതോണി നദിയില്‍ നിര്‍മിച്ചിരിക്കുന്ന അണക്കെട്ടാണ് കേരളത്തിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ട്. 780 മെഗാവാട്ടാണ് ഇടുക്കി പദ്ധതിയുടെ സ്ഥാപിത ഉത്പാദനശേഷി. ചെങ്കുളം പദ്ധതി 1954 മേയ് 1-ന് പ്രവര്‍ത്തനമാരംഭിച്ചു. പള്ളിവാസല്‍ പദ്ധതി പുറന്തള്ളുന്ന ജലവും പള്ളിവാസലിനും ചെങ്കുളത്തിനുമിടയില്‍ മുതിരപ്പുഴയിലേക്കെത്തുന്ന വെള്ളവും ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉത്പാദനം നടത്തുന്നത്. ചാലക്കുടി പുഴയിലെ പെരിങ്ങല്‍ക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി 1957 മാ. 26-ന് പ്രവര്‍ത്തനം തുടങ്ങി.

മലബാര്‍ പ്രദേശത്തെ ആദ്യത്തെ ജലവൈദ്യുതപദ്ധതിയായ കുറ്റ്യാടി പദ്ധതി 1972 ആഗ. 11-ന് കമ്മിഷന്‍ ചെയ്യപ്പെട്ടു. പെരിയാറിന്റെ പോഷകനദിയായ ഇടമലയാറില്‍ സ്ഥിതി ചെയ്യുന്ന ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയില്‍ നിന്നും 1987 ഫെ. 3-ന് വൈദ്യുതി ഉത്പാദനം ആരംഭിച്ചു. കല്ലട ജലവൈദ്യുത പദ്ധതി 1994 ജനു. 5-നും ചൈനയുടെ സഹായത്തോടെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ പൂര്‍ത്തിയാക്കിയ ഉറുമി ഒന്ന്, ഉറുമി രണ്ട് പദ്ധതികള്‍ 2004 ജനു. 25-നും കമ്മിഷന്‍ ചെയ്തു. ചെമ്പുകടവ് ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നതും കോടഞ്ചേരിയിലാണ്. 78 വൈദ്യുത ഉത്പാദനകേന്ദ്രങ്ങളില്‍ നിന്നായി സംസ്ഥാനത്ത് ആകെ ഉത്പാദിപ്പിക്കുന്ന 2881 മെഗാവാട്ട് വൈദ്യുതിയുടെ 71 ശതമാനവും (2053 മെഗാവാട്ട്) ജലവൈദ്യുത പദ്ധതികളില്‍ നിന്നാണ്. ദേശീയതലത്തില്‍ ഇത് 30 ശതമാനത്തോളം മാത്രമാണ്.

ചിത്രം:648scree.png


ജലവൈദ്യുത പദ്ധതി കഴിഞ്ഞാല്‍ കേരളം ആശ്രയിക്കുന്നത് താപവൈദ്യുതിയെയാണ്. ബ്രഹ്മപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ ഡീസല്‍ പവര്‍പ്ളാന്റുകള്‍ക്കുപുറമേ കായംകുളത്ത് 359.6 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും കൊച്ചിയില്‍ 157 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ബി.എസ്.ഇ.എസ്. കേരള പവര്‍ ലിമിറ്റഡും 20.436 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള കെ.പി.സി.എല്‍. പ്ലാന്റ് കാസര്‍കോടും പ്രവര്‍ത്തിക്കുന്നു.

കെ.എസ്.ഇ.ബി.യുടെ നിയന്ത്രണത്തില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഏകകേന്ദ്രം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്നു. 1.51 ദശലക്ഷം യൂണിറ്റാണ് കഞ്ചിക്കോട് വൈദ്യുതി കേന്ദ്രത്തില്‍ നിന്നുള്ള ഊര്‍ജലഭ്യത (2011).

വൈദ്യുതി വിതരണശൃംഖല-ഇടുക്കി പദ്ധതി

2013 മാ. 31-ലെ കണക്കുപ്രകാരം കേരളത്തിലെ മൊത്തം വൈദ്യുതി ഉത്പാദനം 2881 മെഗാവാട്ട് ആണ്. ഇതില്‍ ജലം, താപം, കാറ്റ് എന്നിവയില്‍ നിന്നായി കെ.എസ്.ഇ.ബി. ഉത്പാദിപ്പിക്കുന്നത് 2234 മെഗാവാട്ട് മാത്രമാണ്. അതായത് ആകെ ഉപഭോഗത്തിന്റെ 78.19 ശ.മാ. മാത്രം. ശേഷിക്കുന്ന വൈദ്യുതി കായംകുളം എന്‍.ടി.പി.സി., ഇന്‍ഡിപെന്‍ഡന്‍സ് പവര്‍ പ്രൊഡ്യൂസര്‍ (ഐ.പി.പി), കാപ്റ്റീവ്, നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍, എന്‍.പി.സി.ഐ.എന്‍., കായംകുളത്തെ രാജീവ്ഗാന്ധി കമ്പയിന്റ് സൈക്കിള്‍ പവര്‍പ്ളാന്റ്, ബി.എസ്.ഇ.എസ്. കേരള പവര്‍ ലിമിറ്റഡ്, സിംഹാദ്രി രണ്ടാംഘട്ട പ്രൊജക്റ്റ്, തമിഴ്നാട് വൈദ്യുതി ബോര്‍ഡിന്റെയും തൂത്തുക്കുടി എന്‍.എല്‍.സി.യുടെയും സംയുക്ത സംരംഭപദ്ധതി, എന്‍.എല്‍.സി. രണ്ടാംഘട്ട വികസനം, മീന്‍വല്ലം, ഇരുട്ടിക്കാനം എന്നീ ചെറുകിട ജലവൈദ്യുത പദ്ധതികള്‍, കാറ്റാടി ഊര്‍ജ പദ്ധതി തുടങ്ങി 38 സ്ഥാപനങ്ങളില്‍ നിന്നും വിലയ്ക്കു വാങ്ങിയാണ് കെ.എസ്.ഇ.ബി. കേരളത്തിന്റെ ഊര്‍ജ കമ്മി നികത്തുന്നത്. 595 മെഗായൂണിറ്റാണ് സംസ്ഥാനത്തെ നിലവിലെ (2012-13) പ്രതിദിന ഉപഭോഗം.

ചിത്രം:Pg648scree5.png

വിവിധ സ്രോതസ്സുകളിലൂടെ ബോര്‍ഡ് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഒരു കൂറ്റന്‍ ട്രാന്‍സ്മിഷന്‍-വിതരണ ശൃംഖലയിലൂടെയാണ് ഉപഭോക്താക്കളിലെത്തിക്കുന്നത് (പ്രസരണം). കളമശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിസ്റ്റം ഓപ്പറേഷന്‍ വിങ് ആണ് പ്രസരണത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. 1958-ല്‍ ആകെ 10,404 സര്‍ക്യൂട്ട് കിലോമീറ്റര്‍ ട്രാന്‍സ്മിഷന്‍ ലൈനുകളാണ് കെ.എസ്.ഇ.ബി.യ്ക്കുണ്ടായിരുന്നത്. 2012-ല്‍ ഇത് 2,72,480 സര്‍ക്യൂട്ട് കിലോമീറ്ററായി വര്‍ധിച്ചു.

ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ട്രാന്‍സ്മിഷന്‍ ലൈനുകളുടെ ദൂരം താഴെ ചേര്‍ക്കുന്നു:

ചിത്രം:Pg648 --scree6.png

വൈദ്യുതി വിതരണത്തിലെ പ്രായോഗിക സൗകര്യാര്‍ഥം സംസ്ഥാന വിതരണ ശൃംഖലയെ ഉത്തര, മധ്യ, ദക്ഷിണ മേഖലകളായി തിരിച്ചിരിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള ദക്ഷിണ മേഖലയ്ക്കുകീഴില്‍ ആറ് ഇലക്ട്രിക്കല്‍ സര്‍ക്കിളുകള്‍, 19 ഡിവിഷനുകള്‍, 58 സബ് ഡിവിഷനുകള്‍, 177 ഇലക്ട്രിക്കല്‍ സെക്ഷനുകള്‍, കുണ്ടറയിലെ റീജിയണല്‍ സ്റ്റോര്‍ ഡിവിഷന്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. എറണാകുളം ആസ്ഥാനമായുള്ള മധ്യമേഖലയ്ക്കു കീഴില്‍ ഏഴ് ഇലക്ട്രിക്കല്‍ സര്‍ക്കിളുകള്‍, 25 ഡിവിഷനുകള്‍, 75 സബ് ഡിവിഷനുകള്‍, 230 ഇലക്ട്രിക്കല്‍ സെക്ഷനുകള്‍, ആലുവായിലെ റീജിയണല്‍ സ്റ്റോര്‍ എന്നിവയും കോഴിക്കോട് ആസ്ഥാനമായുള്ള ഉത്തര മേഖലയ്ക്കുകീഴില്‍ 10 ഇലക്ട്രിക്കല്‍ സര്‍ക്കിളുകള്‍, 25 ഡിവിഷനുകള്‍, 78 സബ് ഡിവിഷനുകള്‍, 287 ഇലക്ട്രിക്കല്‍ സെക്ഷനുകള്‍, കല്ലായിയിലെ റീജിയണല്‍ സ്റ്റോര്‍ ഡിവിഷന്‍ എന്നിവയും പ്രവര്‍ത്തിച്ചുവരുന്നു.

വൈദ്യുതിഭവന്‍ - തിരുവനന്തപുരം

സംസ്ഥാനത്തിന്റെ ഭാവിവികസനപരിപാടികളില്‍ ഊര്‍ജമേഖലയുടെ പ്രാധാന്യം കണക്കിലെടുത്തും കെ.എസ്.ഇ.ബി. യുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുമായി 1998-ലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ ആക്റ്റിലെ സബ്സെക്ഷന്‍ 17 പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 2003-ല്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് രൂപംനല്‍കി. ചെയര്‍മാനും രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്ന കമ്മിഷന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം, വിതരണം, പ്രസരണം എന്നിവയ്ക്ക് താരീഫ് നിശ്ചയിക്കുക, കമ്പോളത്തില്‍ നിന്നും വൈദ്യുതി വാങ്ങുന്നത് നിയന്ത്രിക്കുക, ലൈസന്‍സുള്ള കരാറുകാരില്‍ നിന്നുമാത്രമാണ് വൈദ്യുതി വാങ്ങുന്നതെന്ന് ഉറപ്പാക്കുക, ഇവയ്ക്കായുള്ള ടെണ്ടര്‍ നടപടികള്‍ പരിശോധിച്ച് അനുമതി നല്‍കുക, സംസ്ഥാനങ്ങള്‍ തമ്മിലുള്ള വൈദ്യുതി കൊടുക്കല്‍-വാങ്ങല്‍ പ്രോത്സാഹിപ്പിക്കുക, പുനരുത്പാദന സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുക, സംസ്ഥാന വൈദ്യുതി ഉത്പാദനം, പ്രസരണം, ക്രയവിക്രയം തുടങ്ങിയ രംഗങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിന് സര്‍ക്കാരിനു ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് കമ്മിഷന്റെ ചുമതലകള്‍. റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെയാണ് നിലവില്‍ കെ.എസ്.ഇ.ബി. വൈദ്യുതിയുടെ നിരക്ക് നിശ്ചയിച്ചുവരുന്നത്.

2012-13 സാമ്പത്തിക വര്‍ഷത്തില്‍ 11658,10,00,000 രൂപയാണ് കെ.എസ്.ഇ.ബി.യുടെ വാര്‍ഷിക വരുമാനം. ഇതില്‍ 7,22,339.35 രൂപ വൈദ്യുതി വില്പനയിലൂടെ നേടിയതാണ്. പാലക്കാട് ജില്ലയെ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകരിച്ച ജില്ലയായി പ്രഖ്യാപിക്കാനായത് (2010) കെ.എസ്.ഇ.ബി.യുടെ സമീപകാല നേട്ടങ്ങളില്‍ ഒന്നാണ്. വിതരണം ചെയ്യുന്ന വൈദ്യുതിയുടെ 80 ശതമാനവും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ്. 14 ശതമാനം ഉപഭോക്താക്കള്‍ വാണിജ്യാവശ്യങ്ങള്‍ക്കും 5 ശ.മാ. ഉപഭോക്താക്കള്‍ കാര്‍ഷികാവശ്യത്തിനും ബോര്‍ഡില്‍ നിന്നും വൈദ്യുതി ലഭ്യമാക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍